
VPM RASHID THOTTEKKAD
മുഹമ്മദ് നബിﷺയോ മറ്റു മുൻകാല പ്രവാചകന്മാരോ ഇസ്ലാം മതത്തിൻറെ സ്ഥാപകരല്ല. അഥവാ ഇന്ന് നാം കാണുന്ന ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മുഹമ്മദ് നബിﷺ നിർമിച്ചതല്ല. അപ്രകാരം തന്നെയായിരുന്നു മുൻകാല പ്രവാചകന്മാരും.
മാനുഷികമൂല്യങ്ങൾക്ക് വില നൽകി കടന്നുവന്നതും വ്യവസ്ഥാപിതമായി നിലനിൽക്കുന്നതുമായ ഒരു മതമാണ് ഇസ്ലാം മതം. വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഉൾക്കൊള്ളുന്നതോടൊപ്പം നിയമങ്ങളെയും നിർദ്ദേശങ്ങളെയും ഇസ്ലാം വ്യക്തമായി അധ്യാപനം ചെയ്യുന്നുണ്ട്. അവ ലോകത്തെ വിവിധ ജനപഥങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ഇസ്ലാം ഉപയോഗിച്ച മാർഗം പ്രവാചകന്മാരെ അതാത് സമൂഹങ്ങളിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത് നിയോഗിക്കുക എന്നതായിരുന്നു. ആദ്യ മനുഷ്യനും ആദ്യ പ്രവാചകനും ആയ ആദംനബി മുതൽ അവസാന പ്രവാചകനായ മുഹമ്മദ് നബി ﷺ വരെയുള്ള കാലത്തിനിടക്ക്, എല്ലാ സമൂഹങ്ങളിലും മാർഗ്ഗദർശനം നൽകാൻ വിവിധ കാലങ്ങളിലായി അവരിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട രണ്ടു ലക്ഷത്തി നാൽപതിനായിരത്തോളം വരുന്ന പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ കാലക്രമേണ കടന്നുവന്ന സാമൂഹികമായ ചുറ്റുപാടുകളുടെ മാറ്റങ്ങൾക്കനുസരിച്ച് മതനിയമങ്ങളെ വ്യക്തമാക്കി നൽകാൻ നിയോഗിക്കപ്പെട്ടത് മുന്നൂറ്റി പതിമൂന്ന് ദൂതന്മാരാണ്. ബുദ്ധിശക്തി വിശ്വാസ്യത സത്യസന്ധത പ്രബോധനം എന്നീ സവിശേഷമായ ഗുണങ്ങളുള്ള, ന്യൂനതകൾക്ക് അതീതരും, പാപ സുരക്ഷിതരുമായ ഇത്രയും പ്രവാചകന്മാർക്ക് ശേഷം മതത്തെ സവിശേഷവും സമ്പൂർണ്ണവും ആക്കാൻ നിയോഗിതരായ അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി ﷺ. മുഴുവൻ പ്രവാചകന്മാരും അദ്ധ്യാപനം ചെയ്ത പ്രധാനപ്പെട്ട ആശയം മുഴുവൻ സൃഷ്ടികളുടെയും സ്രഷ്ടാവ് അല്ലാഹു ആണ് എന്നും അവനല്ലാതെ ആരാധനക്കർഹൻ മറ്റൊരാളില്ല എന്നും തങ്ങൾ അവൻറെ ആശയങ്ങളെ പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ് എന്നുമായിരുന്നു. ചുരുക്കത്തിൽ മനുഷ്യരോ മറ്റു സൃഷ്ടി ജാലങ്ങളോ ഒന്നുമല്ല ഇസ്ലാം മതത്തെ സൃഷ്ടിച്ചത്. മുഹമ്മദ് നബിﷺക്കു മുമ്പും ഇസ്‌ലാമും മുസ്‌ലിംകളും ഉണ്ടായിരുന്നു.
ഇസ്ലാം മുഹമ്മദ് നബിﷺയുടെ സൃഷ്ടി അല്ല.
മുഹമ്മദ് നബിﷺയോ മറ്റു മുൻകാല പ്രവാചകന്മാരോ ഇസ്ലാം മതത്തിൻറെ സ്ഥാപകരല്ല. അഥവാ ഇന്ന് നാം കാണുന്ന ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മുഹമ്മദ് നബിﷺ നിർമിച്ചതല്ല. അപ്രകാരം തന്നെയായിരുന്നു മുൻകാല പ്രവാചകന്മാരും. അവരൊന്നും അവർ പ്രചരിപ്പിച്ച മത നിയമങ്ങളുടെ സ്ഥാപകരായിരുന്നില്ല. വിശ്വസിക്കാനും പ്രവർത്തിക്കാനും അംഗീകരിക്കാനും അനുവദിക്കപ്പെട്ട കാര്യങ്ങളും നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളും തീരുമാനിക്കുന്നതും അവർ ആയിരുന്നില്ല. അവയെല്ലാം സ്ഥാപിച്ചത് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു തആലയാണ്. ചുരുക്കത്തിൽ ഇസ്ലാമിക നിയമങ്ങളെ സ്ഥാപിക്കുകയും അവ മനുഷ്യരിലേക്ക് പഠിപ്പിക്കുകയും, ചെയ്യണമെന്ന് കൽപിക്കുകയും ചെയ്തത് അല്ലാഹു തആലയാണ്.
ഇസ്ലാം മുഹമ്മദ് നബിﷺക്ക് മുമ്പും ഉണ്ടായിരുന്നു.
മുഹമ്മദ് നബി ﷺ പഠിപ്പിച്ച ഇസ്ലാമിക സന്ദേശങ്ങൾ പ്രകാരം ആദ്യ മനുഷ്യൻ ആയിരുന്ന ആദം നബി മുതൽ തന്നെ സർവ്വ കാലത്തും രക്ഷാമാർഗ്ഗമായി ഇസ്ലാം ഭൂമിയിൽ ഉണ്ടായിരുന്നു.
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ ۗ
അല്ലാഹുവിൻ്റെ അടുക്കൽ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാണ് എന്ന് പഠിപ്പിച്ച ഖുർആൻ അത് വളരെ വ്യക്തമാക്കി പറഞ്ഞു
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ
ആരെങ്കിലും ഇസ്ലാം അല്ലാത്ത മതം തേടുകയാണെങ്കിൽ അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല, പരലോകത്ത് അവൻ പരാജിതരുടെ കൂട്ടത്തിലായിരിക്കും. തുടർന്ന് ഖുർആൻ മൂസാ നബിയുടെയും ഈസാ നബിയുടെയും മറ്റു മുൻകാല പ്രവാചകന്മാരുടെയും ചരിത്രങ്ങൾ പറയുന്നുണ്ട്.
മൂസാ നബി തൻറെ സമൂഹത്തോട് പറഞ്ഞതായി കാണാം
يَٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓاْ إِن كُنتُم مُّسْلِمِينَ
നിങ്ങൾ അല്ലാഹുവിനെ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ മുസ്ലിംകൾ ആണെങ്കിൽ അല്ലാഹുവിനെ ഭരമേൽപ്പിക്കുക. അക്കാലത്ത് ജീവിച്ചിരുന്ന ധിക്കാരിയും അക്രമിയും ആയ ഭരണാധികാരിയായിരുന്ന ഫറോവ അതിദാരുണമായി മുങ്ങി മരിക്കുന്ന സമയത്ത് അവസാനമായി പറഞ്ഞ വാക്കുകൾ
ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓاْ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ
അവസാന സമയത്ത് അവൻ പ്രഖ്യാപിച്ചത് ഞാൻ മുസ്ലിംകളിൽ പെട്ടവനാണ് എന്നാണ്. അപ്പോൾ മൂസാനബിയുടെ സമൂഹത്തിൽനിന്നും വിശ്വസിച്ച ജനങ്ങളെ മുസ്ലിംകൾ എന്നു പറയും എന്നാണ് ഖുർആനിൻറെ നിലപാട്.
ഈസാ നബിയുടെ സമൂഹത്തിലെ അപ്പോസ്തലന്മാർ ആയിരുന്ന ഖവാരിയ്യുകൾ പറഞ്ഞ ഒരു വാചകമുണ്ട്
نَحْنُ أَنصَارُ اللَّهِ آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ
ഞങ്ങൾ മുസ്ലിംകളാണ് എന്നതിന് അങ്ങ് സാക്ഷി നിൽക്കണം എന്നാണ് അവർ ഈസാ നബിയോട് ആവശ്യപ്പെട്ടത്.
പ്രവാചകനായ യൂസുഫ് നബി പറഞ്ഞതായി കാണാം
تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
എന്നെ മുസ്ലിമായി മരിപ്പിച്ച് സദ്ജനങ്ങളിലേക്ക് ചേർക്കേണമെ.
ലൂത്വ് നബിയുടെ ചരിത്രം പറയുന്ന വേളയിൽ ഖുർആൻ പറഞ്ഞത് കാണാം
فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍۢ مِّنَ ٱلْمُسْلِمِينَ
മുസ്ലിംകളുടെ ഒരു വീട് അല്ലാതെ അവിടെ നാം എത്തിച്ചില്ല.
ഇബ്രാഹിം നബിയും യഅ്കൂബ് നബിയും അവരുടെ സന്താനങ്ങൾക്ക് ഉപദേശം നൽകുന്ന അവസരത്തിൽ അവസാനമായി നൽകിയ ഉപദേശം കാണാം
وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
നിങ്ങൾ മുസ്ലിംകൾ ആയിരിക്കെ മാത്രമെ മരിക്കാവൂ.
ഇത്തരത്തിൽ മുൻഗാമികളായ സത്യവിശ്വാസികളെ മുഴുവനും വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത് മുസ്‌ലിംകൾ എന്നാണ്. അവരെല്ലാവരും മുസ്ലിംകളാണ് എന്നതാണ് ഖുർആനിൻറെ നിലപാട്. മുൻകാല പ്രവാചകന്മാരെയും അവരുടെ ശരീഅത്തിനെയും ഗ്രന്ഥങ്ങളെയും സമുദായത്തെയും ഇസ്ലാം അംഗീകരിക്കുന്നു. അവരെല്ലാം പഠിപ്പിച്ചത് ഇസ്ലാമിക തത്വങ്ങളും ആശയങ്ങളും ആയിരുന്നു എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നതും മുസ്ലിംകൾ അങ്ങനെയാണ് വിശ്വസിക്കുന്നതും. ഇസ്ലാം എന്ന മതമോ മുസ്‌ലിംകൾ എന്ന വിശ്വാസിസമൂഹമോ മുഹമ്മദ് നബിﷺ മുഖേന തുടക്കം കുറിച്ച ഒരു മതമോ സമൂഹമോ അല്ല എന്നാണ് ഇസ്ലാമിൻ്റെയും വിശുദ്ധ ഖുർആനിൻ്റെയും നിലപാട് എന്നത് വളരെ വ്യക്തമാണ്. പൂർവ്വ ഗാമികളായ വിശ്വാസികളും മുസ്ലിംകളാണ് എന്ന് വിശേഷിപ്പിക്കുന്നത് ഇവരുടെയെല്ലാം അടിസ്ഥാനപരമായ വിഷയങ്ങൾ ഒന്നാണ് എന്നാണ് അർത്ഥമാക്കുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവൻറെ നിയമങ്ങൾ അനുസരിക്കുക, അവൻ നിർദ്ദേശിച്ചവർക്ക് വഴിപ്പെടുക എന്ന തരത്തിലുള്ള ആശയങ്ങളിൽ എല്ലാ പ്രവാചകന്മാരും അവരുടെ ഗ്രന്ഥങ്ങളും ഒരേ അഭിപ്രായക്കാരാണ്. അല്ലാഹുവിൻറെ നിയമങ്ങൾ എന്നാൽ ഖുർആനിൽ പറഞ്ഞത് പോലെ
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ
നിങ്ങളിൽ ഓരോരുത്തർക്കും ഓരോ നിയമവും രീതിയും നാം ഉണ്ടാക്കിയിട്ടുണ്ട് എന്നത് പ്രവാചകന്മാരിൽ പലർക്കും വ്യത്യസ്തങ്ങളായ വഴികളും രീതികളും നിയമങ്ങളും ആയിരുന്നു എന്നാണ് അർത്ഥമാക്കുന്നത്. പക്ഷെ ഇവകൾ തമ്മിൽ വൈരുദ്ധ്യമില്ല; വ്യത്യാസങ്ങൾ ആണ് ഉള്ളത്. ഓരോ പ്രവാചകന്മാർക്കും അവരുടെ കാലങ്ങളിലെ സാമൂഹിക ക്രമങ്ങളിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി ഇസ്ലാമിക നിയമങ്ങളെ വ്യക്തമാക്കി നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഥവാ അതാത് കാലങ്ങളിൽ അല്ലാഹു എന്താണോ നിർദ്ദേശിക്കുന്നത് അത് പ്രവാചകന്മാർ അറിയിക്കുകയും അവ അനുസരിക്കുകയും ചെയ്യുക എന്നതാണ് നിലപാട്.
ഇസ്ലാം സ്വീകരിക്കാൻ നിർബന്ധമാക്കപ്പെട്ട ശഹാദത്ത് കലിമയിൽ അല്ലാഹുവിൻറെ നാമത്തോട് ചേർത്തി അതാതു കാലങ്ങളിലെ പ്രവാചകന്മാരുടെ പേരുകൾ കൂടി ഉച്ചരിക്കേണ്ടതുണ്ട്. ഇതിനർത്ഥം ആ കാലത്ത് ഇസ്ലാമിനെ സ്ഥാപിക്കുന്നവർ ആയിരുന്നു ആ പ്രവാചകന്മാർ എന്നല്ല. ആ കാലഘട്ടത്തിൽ അല്ലാഹുവിൻറെ നിർദ്ദേശങ്ങളെ ജനങ്ങളിലേക്ക് അറിയിക്കാൻ നിയോഗിക്കപ്പെട്ടവർ ആയിരുന്നു ആ പ്രവാചകന്മാർ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിനു ശേഷം ഇസ്ലാം പരിപൂർണ്ണമാക്കപ്പെട്ടതോടെ സർവ്വലോകർക്കുമുള്ള മാർഗദർശനവും ശരീരത്തുമായി അവിടുന്ന് കൊണ്ടുവന്ന കാര്യങ്ങൾ മാറി. ഇനിയൊരു പ്രവാചകനോ പുതിയ ശരീഅത്തോ വരില്ല എന്ന് സാരം. അതുകൊണ്ടുതന്നെ ഇസ്ലാം മതത്തെ ചിലർ ‘ മുഹമ്മദീയ മതം ‘ എന്ന് വിളിക്കുന്നതായി കാണാം. ഇത് തീർത്തും അടിസ്ഥാനരഹിതമായ നാമകരണം ആണ്. കാരണം ഇസ്ലാമിക ശരീഅത്തിനെ പരിപൂർണ്ണമാക്കുക എന്നതിലപ്പുറം ഇസ്ലാമിനെ സ്ഥാപിക്കുക എന്നത് മുഹമ്മദ് നബിﷺ അറിയിക്കുകയോ വാദിക്കുകയോ ചെയ്യാത്ത കാര്യമാണ്.
ചുരുക്കത്തിൽ മുഹമ്മദ് നബിﷺ ഇസ്ലാം മതത്തെ സ്ഥാപിച്ചവരല്ല. അവിടുന്ന് കൊണ്ടുവന്ന ഏറ്റവും വലിയ മുഅ്ജിസത്ത് ആയ വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുൻഗാമികൾ ആയ പ്രവാചകന്മാരും അവരിലെ വിശ്വാസികളും പിൻഗാമികളായ സ്വഹാബയെയും ഇമാമുകളെയും പോലെ മുസ്ലിംകളാണ് എന്നാണ് മുഹമ്മദ് നബിﷺയും വിശുദ്ധഖുർആനും പഠിപ്പിച്ചത്. അതാണ് ഇസ്ലാമിൻറെ നിലപാടും മുസ്‌ലിംകളുടെ വിശ്വാസവും.

Leave a Reply